ഒരു പ്രണയം മരിക്കുന്നു... ഇനി എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നത്?
വർഷങ്ങൾ നീണ്ട ബന്ധം... സുഖവും വിശ്വാസവും സുതാര്യതയും നന്മയും വേദനയും കണ്ണീരും വേണ്ടുവോളം... അങ്ങനെ എല്ലാം തികഞ്ഞ ഒരു സൌഹൃദം...
വിവാഹം എന്ന സ്വപ്നങ്ങളെ താലോലിച്ച് ആകാംക്ഷയും സംഭ്രമവും സ്നേഹവും നിറഞ്ഞ മനോഹരമായ കാത്തിരിപ്പ്.... അതിന്റെ അന്ത്യം ശുഭം ആയിരിക്കണേ എന്നല്ലേ കമിതാക്കളുടെ പ്രാർത്ഥന...
പക്ഷെ, അതിൽ ഒരാൾക്ക് പെട്ടെന്ന് വെളിപാട് വന്നാൽ എങ്ങനെ ഉണ്ടാവും?
അച്ഛനമ്മമാർ, കുടുംബം, സമൂഹം, അങ്ങനെ കുറെ വെളിപാടുകൾ...
സ്നേഹിക്കാൻ ഒരു പടി കൂടുതലായിരുന്ന സുഹൃത്തിനെ വെണ്ണ പുരട്ടിയ വാക്കുകളിലൂടെ സ്നേഹത്തിന്റെ പേരിൽ നമ്മൾ പിരിഞ്ഞേ പറ്റൂ (ദയവു ചെയ്തു എന്നെ ഒന്ന് ഒഴിവാക്കി തരണം) എന്ന് പറയുന്നു.
കുറ്റം കണ്ടു പിടിക്കാൻ പോലുമാകാതെ തളർന്നു മുന്നിലിരിക്കുന്ന സുഹൃത്തിന്റെ ആഗ്രഹം ശ്രവണശക്തി നഷ്ടപ്പെട്ടിരുന്നെങ്കിൽ എന്ന് മാത്രമാകും... പ്രണയത്തിന്റെ ഒരു ഭാഗമല്ലേ നമ്മുടെ പ്രണയിതാവിന് വേണ്ടത് കൊടുക്കുന്നത്... കൊടുത്തു... പ്രണയത്തിൽ നിന്നും പരിപൂർണ്ണസ്വാതന്ത്ര്യം...
മനസ്സ് പിടഞ്ഞു മുറുകുന്ന വേദന ഇടറുന്ന ആ വാക്കുകളിലുണ്ട്. കണ്ണുകളിൽ നിന്ന് ഒഴുകുന്നത് ആ ഹൃദയം മുറിഞ്ഞു ഊറുന്ന രക്തമാണ്................
തൻറെ സ്വപ്‌നങ്ങൾ ചിതയിലെക്കെടുത്തു, തൻറെ കണ്ണുനീരിന്റെ ചൂടിനാൽ കത്തിച്ച ചൂട്ടു കൊണ്ട് സുഹൃത്ത് അതിനു തീ കൊളുത്തി നടന്നകന്നു, ആളിക്കത്തുന്ന ചിതയെ ഒന്ന് തിരിഞ്ഞു നോക്കാതെ...
ആരൊക്കെയോ സമാധാനിപ്പിച്ചു. കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിച്ച് എല്ലാം നല്ലതിന് എന്ന് പറഞ്ഞ്... പ്രണയിച്ച് മണ്ടത്തരം കാണിച്ചു എന്ന് പറഞ്ഞു പലരും പരിഹസിച്ചു... സങ്കടം കണ്ടു പലരും ആ പാവത്തിനോട് സഹതപിച്ചു...
മറക്കാനും പൊറുക്കാനും സുഹൃത്തിനു വേണ്ടി എന്നും പ്രാർത്ഥിക്കാനും തീരുമാനിച്ചു, കാരണം തന്റെ പ്രണയം സത്യമായിരുന്നു... എന്തിനേക്കാളും ആരെക്കാളും സ്നേഹിചിട്ട്, മറുപുറത്ത് എന്താണോ ആഗ്രഹിച്ചത് അതിനെക്കാളും ഏറെ കൊടുത്തു. എന്നിട്ട് തിരികെ കിട്ടിയതോ? ഒരു മലമുകൾ വരെ കൈ കോർത്ത് ശ്വാസം കൈമാറി എത്തിയിട്ട് തള്ളി താഴെയിട്ട അവസ്ഥ... അതിന് സമനില തെറ്റി... എന്താ ചെയ്യേണ്ടത് എന്നറിയാതെ... മരിക്കണം എന്ന് ചിന്തിച്ച്... ഉറക്കമില്ലാതെ... വിശപ്പില്ലാതെ... അറിഞ്ഞും അറിയാതെയും കണ്ണ് നിറഞ്ഞൊഴുകി... നിയന്ത്രണമില്ലാതെ...
സ്നേഹിക്കാതിരിക്കാൻ കഴിയാതെ മനസ്സ് തളർന്ന നില. ഒരിക്കൽ പോലും കുറ്റപ്പെടുത്താതെ സങ്കടപ്പെടുത്താതെ മാറി നിന്ന് പ്രണയിക്കുകയാണ്... മരണം വരെ സ്നെഹിക്കുമത്രെ, ദൂരെ നിന്ന് സ്നേഹിക്കാൻ അനുവാദം വേണ്ടല്ലോ... ജീവിതത്തിൽ ഏതെങ്കിലും നിമിഷങ്ങളിൽ തന്നെ ഓർക്കുമായിരിക്കും എന്ന പ്രതീക്ഷയോടെ...
തകർന്ന ഹൃദയത്തിന്റെ മുറിവ് ഒന്ന് ഡറ്റോളിട്ട് കഴുകിയാൽ ഉണങ്ങുമോ? സമയമാണ് ഏറ്റവും നല്ല ചികിത്സയത്രെ.
തന്റെ ഹൃദയം അറിയാതെ പോയ സുഹൃത്തിനു വേണ്ടി പ്രാർത്ഥനയോടെ, സ്നേഹത്തോടെ ഓർമ്മകൾ സൂക്ഷിക്കാൻ കഴിയണം.... കാരണം സ്വം മറന്നു സ്നേഹിക്കുന്നവരെ വേദനിപ്പിക്കാൻ ആർക്കും ഈ ഭൂമിയിൽ അവകാശമില്ല, അങ്ങനെ വേദനിപ്പിക്കുന്നവർ ദൈവത്തെ അറിഞ്ഞിട്ടില്ല.