Saturday, September 27, 2014

അന്യയായവൾ

ഓരോ വഴിയിലും 
ഓരോ സ്വകാര്യതയിലും 
സ്നേഹിതയായ് ഞാൻ,
അവരുടെ നോവുകളിൽ 
സഹവർത്തിനിയായ്

എന്നുമാരും അറിയാത്തയെന്നിൽ, 
കാണാതിരുന്ന വിതുമ്പലുകൾ
എൻറെ എകാന്തത-
സുകരതയായോരുടെ 
മനസ്സിലെത്താതെ പോയെ-
ന്നുമന്യയായ് പോകിലും,
അബലയല്ല ചപലയല്ല...
  
നിർന്നിമേഷയായ്,
ദൂനയായ്, കിനാവുകളെ 
നോക്കി ഞാനവ ചിതലരി-
ച്ചോയെന്നറിയാൻ....



 


Tuesday, May 13, 2014

ഇന്നാണാ വിവാഹം

ഏറെ നാൾ സ്വപ്നം കണ്ട നാൾ...
വരണമാല്യങ്ങൾ ചാർത്തി
വിശ്വാസങ്ങളെ കോർത്തിണക്കി...
ആവെശത്തോടെയോന്നായി
കണ്ടതാണാ മിഴിവുള്ള ചിത്രം...

ആടിയുലയുന്നയെന്റെ നൗക,
ചക്രവാളസീമയോടടുക്കവേ
വീണ്ടുമാ ചിത്രമെൻ കണ്ണിൽ...

ഇന്നാണാ വിവാഹം , പക്ഷെ
വധു ഞാനല്ല...

Thursday, April 10, 2014

സുഖം തേടി...

രാത്രിയുടെ വിങ്ങുന്ന മാറിടത്തിൽ 
ഇരുട്ടിനെ പുല്കാൻ ഒരുങ്ങുമ്പോൾ 
എൻ വാമഭാഗത്തിലെൻ കൈയി-
ലൊരു ശ്വാസദൂരത്തിൽ ഒരപരിചിത...

തമ്മിൽ പിണഞ്ഞുവീ സപ്രമഞ്ചത്തിൽ 
അടക്കാനാവാത്തയാവേശത്തിൽ 
എന്റെയോരോ ലോലാംഗത്തിലുമവളുടെ 
വിരലുകൾ അരുമയോടിഴഞ്ഞു...

ഇമ പൂട്ടി ഞാനാ സുഖത്തിലലിഞ്ഞു 
സ്വപ്നങ്ങളിലെ കാമവേഗമിന്നെന്നിലും 
ഇന്നോളം ഞാനറിയാതെ പോയൊരീ
വേഗത്തിന്നനുഭൂതിയെത്ര !

കറുത്ത മുടിയിഴകൾക്കുള്ളിൽ മുഖം പൂഴ്ത്തി 
എണ്ണയുടെ ഗന്ധം നുകർന്നു ഞാൻ,
ഇന്നോളമെൻ നാസികയറിഞ്ഞിട്ടില്ലാത്ത 
മനം മയക്കുന്ന വില കുറഞ്ഞ ഗന്ധം...

ഓരോ തവണയാ തനുവിലമരുമ്പോളെൻ 
കാതിലലയടിച്ചു മധുരമാം സീല്ക്കാരം 
ഇന്നോളമെൻ മേൽ പതിച്ചിട്ടില്ലാത്ത  
തിളയ്ക്കുന്ന നിശ്വാസങ്ങൾ...

മുഖമുയർത്തി ഞാൻ സുഖപാരമ്യം തേടി 
അവളുടെ മിഴിയിണകൾ നോക്കി 
തളർന്നെന്റെ പൗരുഷമൊരു നൊടിയിടയിൽ;
അവളെന്റെ കളസത്തിലെ പണമെണ്ണുന്നു...

ആ വെണ്മേനിയിൽ നിന്നുയർന്നു കിതപ്പോടെ 
ഒരു നിമിഷമെൻ പത്നിയെ നിനെച്ചു ഞാൻ,
ഭ്രാന്തമായെൻ ക്രൗര്യത്തിൻ വേദനയെന്നും 
പുഞ്ചിരിയോടെ സ്വീകരിക്കുന്നവളെ... 

Saturday, March 8, 2014

പെണ്‍മനസ്സ്


(സ്ത്രീദിനത്തിൽ...സ്ത്രീകൾക്കായി...)

ഇനിയും മറന്നിട്ടില്ല ഞാനൊന്നും,
മറന്നുവെന്നു കരുതിയെങ്കിൽ സുഹൃത്തേ,
നിനക്ക് തെറ്റി...
നിൻറെ തെറ്റുകൾക്ക് ഞാനറിഞ്ഞു തന്ന
കൊടിയ ശിക്ഷയിതാ... 
നിനക്ക് മാപ്പ്!!!

എന്റെ കണ്ണീർ ഭൂമിയിൽ പതിക്കാതെ 
എന്റെ രോദനങ്ങൾ ആരും കേൾക്കാതെ
ഞാൻ ശ്രദ്ധിക്കും...
ഇല്ലെങ്കിൽ നീ വെന്തു പോകും,
നിൻറെ ശരീരം ചാമ്പലാകും...

ആ വിയർപ്പിൻറെ ഗന്ധം ഇന്നുമീ നെഞ്ചിലുണ്ട്,
ആ ശുക്ലത്തിന്റെ പാടുകൾ എന്റെ തുടയിലും,
നിൻറെ കടികളും നഖക്ഷതങ്ങളും ഇങ്ങു ഭദ്രം...
എന്തിനെന്നോ? 
അവളെന്നും നിൻറെ രണ്ടാം തരമെന്നൊർക്കാൻ 

നിന്നെ ഞാൻ വെല്ലുവിളിക്കില്ല...
സ്നേഹിക്കാതെ ഇരിക്കില്ല,
കാരണം എനിക്കെ അത് പറ്റൂ;
പെണ്ണിന്റെ നന്മയാണത്...