Saturday, January 24, 2015

ഭ്രാന്ത്

ഭ്രാന്തിന്റെ ദേശം,
വിളക്കുകളില്ലാത്ത തീരം,
വേപഥുവോടെ അണയുവോരെ
നഗ്നരാക്കുന്ന കാവൽക്കാർ...
വസ്ത്രങ്ങളാദ്യം,
മാംസവും മജ്ജയും അസ്ഥിയും,
വിശപ്പാളുന്നേരം നിന്റെ
ദേഹിയുടെ ശകലങ്ങളും അവരെടുക്കും,
വെട്ടമില്ലാത്തയാ തീരമെത്തുകിൽ,
തിരിഞ്ഞു നോക്കരുത്,
തിരികെ വരരുത്...


കടപ്പാട് : "എന്റെ കഥ" - മാധവിക്കുട്ടി 

Thursday, January 8, 2015

ദൈവപുത്രന് വീഥിയോരുക്കി

തണുത്തുറഞ്ഞ മുറിയിലും
എന്റെ ഹൃദയം തിളക്കുന്നു,
നിന്റെ വാക്കുകളെന്റെ മേൽ
ചുടുകുമിളകൾ തീർക്കുന്നു,
നെറ്റിയിലെ വിയർപ്പുതുള്ളികൾക്ക്
ചോരയുടെ നിറമുണ്ടായിരുന്നു,
ദൂരെ കിലുങ്ങുന്ന മണിചിലങ്കകൾക്ക്
മൃത്യുവിന്റെ സീൽക്കാരമുണ്ടോ?
ആട്ടക്കലാശത്തിൽ...
തമസ്സിന്റെ മാറിനെ പിളർന്ന് വരും
വാക്കുകളുടെ ചാട്ടയിലെന്റെ
ഹൃദയതന്ത്രികളുടെ പ്രകമ്പനം,
നിശബ്ദനായി പിന്തിരിയുമ്പോൾ
സ്വപ്നങ്ങളുടെ ശവപ്പറമ്പ്...
എന്റെ ശിരസ്സ്‌ താലത്തിൽ വേണമെന്ന്
ചോദിക്കുമ്പോളറിയുന്നുണ്ടോ,
മമഹൃദയത്തിന്റെ മമതയും,
നൈർമ്മല്യമാർന്ന ഭക്തിയും...
ഇടറുന്ന വാക്കുകളിടനാഴിയിലെ
പ്രതിധ്വനിയിൽ വീണ്ടും വിറച്ചു
മനുഷ്യപുത്രന് വഴിയൊരുക്കുവാൻ
എന്റെ യാത്രയവസാനിക്കണം... 

സ്നേഹപൂർവ്വം

സ്നേഹം രക്തബന്ധത്തിൽ മാത്രം ഒതുങ്ങുന്നതാണോ? ഇനി രക്തബന്ധത്തിൽ ഉള്ള സ്നേഹം കറയില്ലത്തതാണോ?
'അല്ല' എന്നാണ് എന്റെ അഭിപ്രായം.
ജനിച്ച നാൾ മുതൽ ബന്ധങ്ങൾ പറഞ്ഞും കണ്ടും വളരുമ്പോൾ നമ്മൾ അതിനു പുറമെയുള്ള സ്നേഹത്തെ കണ്ടില്ലെന്നു വെക്കും, അതിൽ സത്യമില്ല എന്ന് സ്വയം വിശ്വസിപ്പിക്കും...
എല്ലാരേയും സ്നേഹിക്കുമ്പോൾ കിട്ടുന്ന സംതൃപ്തി; അത് പറഞ്ഞറിയിക്കാൻ കഴിയില്ല.
ആ സ്നേഹം അനുഭവിക്കുന്നവരുടെ സന്തോഷം; അതും അങ്ങനെ തന്നെ...
എനിക്ക് ചുറ്റുമുള്ളവരെല്ലാം എന്റെ മാതാപിതാക്കളാണ്, സഹോദരങ്ങളാണ്,മക്കളാണ്... അവർക്കായി എനിക്ക് നല്കാൻ അക്ഷരങ്ങളിലൂടെ ഒരു സമ്മാനം...

തണുത്തലിഞ്ഞൊരു സന്ധ്യയിൽ
നിനച്ചിരിക്കാതെൻ 
കൂട്ടിലെക്കെത്തിയ 
എന്റെ പ്രിയപ്പെട്ട പക്ഷീ...
നിന്റെ കൊഞ്ചലുകൾ,
പരിഭവങ്ങൾ, 
പരിദേവനങ്ങൾ,
പ്രതീക്ഷകൾ,
എല്ലാം എന്റെതുമാണ്...

ലോകം അകലുമ്പൊളും-എന്റെ
സ്വപ്നങ്ങളെന്നെ മാടി വിളിക്കുമ്പോളും,
ഞാനുറങ്ങാതെ കൂട്ടിരിക്കാം..
എൻ മണിക്കുഞ്ഞേ,
നിനക്കായി ഞാൻ കാവലിരിക്കാം...