Saturday, March 28, 2015

സ്മൃതി

ജനൽമറകൾക്കിടയിലൂടെ
സൂര്യബിന്ദുക്കലെന്റെ ഇരുട്ടിലേക്ക്...
കണ്ണീരുണങ്ങിയ കവിളിന്മേൽ
തേജസ്സ് തീർത്തവയും മടങ്ങി.

പൂക്കളും പാട്ടുകളും കമാനത്തിൽ വെ-
ച്ചെന്നെയും കാത്തൊരു തടവറ,
ആഘോഷത്തിന്റെ തിമിർപ്പിലെന്മേൽ
വീഴുന്ന ചാട്ടവാറടികളാരും കണ്ടില്ല...

അടിപ്പിണരുകൾ നീറുമ്പോൾ
നിശ്ശബ്ദമായ നിലവിളികളെന്നിൽ,
തിണർത്ത അധരങ്ങളമർത്തുന്ന വിതുമ്പലുകൾ,
പ്രിയപ്പെട്ടവർക്ക് യാത്ര പറഞ്ഞ്
പോകട്ടെ ഞാനാ ഇരുട്ടറയിലേക്ക്....

മടക്കമില്ലാത്ത യാത്ര,
ഇനിയൊരിക്കലും
തിരികെ വരാത്ത മണ്ണിലൂടെ...
തീ പോലുരുകുന്ന മധ്യാഹ്നത്തിൽ,
വിയര്പ്പിന്റെ പശപ്പോടെ,
ഈ കൂട്ടിലൊരു മാരുതനെയും കാത്ത്,
സ്മൃതിയുടെ ചില്ലയിലിലകൾ ചേർത്ത്,
പാഥേയം നുകർന്നെഴുതുന്നയീ
അക്ഷരങ്ങളിലെന്റെ
പറയാത്ത ഭീതികൾ,
തീരാത്ത വേദനകൾ,
അണയാത്ത പ്രതീക്ഷകൾ....