Saturday, December 26, 2015

യേശുവും ഞാനും പള്ളിക്ക് പുറത്ത്

സ്നേഹമസൃണനായയീ ദൈവത്തിൻ
മൃദുമേനിമേൽ ചാട്ടവാറിന്റെ നാവുകൾ
പുളയുമ്പോൾ വീഴുന്ന ചോപ്പിന്റെ പാടുക-
ളിലൂറുന്നതും സ്നേഹഗാഥയത്രേ!

മനുഷ്യദൈവങ്ങൾ കമ്പോളമാക്കിയ
ദൈവാലയം ശുദ്ധി ചെയ്യാനൊരുങ്ങിയ
മനുഷ്യപുത്രനെ ഭ്രഷ്ടനാക്കുന്ന
പ്രമാണികളും നീതിപീഠങ്ങളും;

എല്ലാം നിവൃത്തിയാകുന്ന നേരത്തും
ധരണിയുടെ മക്കളോടനുരാഗമാർന്നൊരാ
ഈശ്വരനു പ്രതിഫലമായ്‌ ലഭിച്ചതോ
കുരിശിന്റെ നോവും, പാപഭാരവും.
ഗതസമനയിൽ നിന്നുയർന്നയാ പ്രണയ-
ഗാനത്തിന് മുന്നില് ആലയകവാടമടഞ്ഞു.

അതിനുള്ളിലുയർന്ന ആരാധനാകാവ്യ-
മവന്റെ നാമത്തിലായിരുന്നു,
ഉള്ളിലെ മെഴുതിരികൾ നിറവോടെയെരിയുമ്പോൾ
ദൈവപുത്രൻ വെളിയിലിരുട്ടിലായിരുന്നു- കൂടെ ഞാനും.

Thursday, December 24, 2015

യാത്രാമൊഴി


(ഒരു പ്രിയ സുഹൃത്തിന് മധുരമാർന്ന സ്നേഹത്തോടെ, കയ്പാർന്ന നൊമ്പരത്തോടെ ഹൃദയത്തിന്റെ ഭാഷയിൽ ഒരു യാത്രവന്ദനം...)


സുസ്മേര വദനത്തിൻ മറവിലെ സ്മൃതികളും,
കാലവർഷവും സൂര്യതാപവും
മാറ്റ് കൂട്ടിയ കാലടികളെന്നും
തുടരുന്നയങ്ങയുടെ പ്രയാണത്തിൽ
ഈ തമിഴ്മണ്ണിലൊരു ചെറുവിരാമം;

താഴ്വരയിൽ നിന്നുമുന്നതിയെ നോക്കാൻ,
സ്വം അറിയാനൊരു നവഗീതം പഠിപ്പിച്ച്,
ആഞ്ഞു വീശുന്ന ശീതവാതങ്ങളിൽ
ഇളം വെയിലിൻ അഭയസ്ഥാനമായി,
തരുവിന്റെ തണലുകളിലേക്കിറങ്ങാൻ-പക്ഷെ
പകുതിയെത്തിയ സംഭാഷണമായോ?    

വിട നല്കുവാനനുവാദം മനസ്സിൽ
തരുവാനാകാതെ ഞാൻ മൂകയായി;
ദ്രുതതാളമാർന്ന മഴയുടെ ഒടുവിൽ,
ചുട്ടെരിക്കുന്ന കടുംവെയിലിന്റെ ഇടയിൽ,
നനുത്ത ഓർമ്മകളുടെ മന്ദസ്മിതത്തിലേ-
ക്കലിയുവാനായിതായീ തൂലികയിലൂടെ
ഒഴുകുന്ന അക്ഷരങ്ങളാൽ തീർത്ത
നോവുന്ന യാത്രാമൊഴി...