Wednesday, July 13, 2016

വീണ്ടും ഒരു നൊമ്പരകാവ്യം

എന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ 
നീയെന്തു കാണുന്നു?
വൈചിത്ര്യമോ?
ദർപ്പണ ചിത്രത്തിൽ 
നോവ്, ഹാസം, അശ്രു,
ക്ഷീണം - പിന്നനന്തമായ ഊർജ്ജവും,
എന്റെ ക്ലേശങ്ങളറിയാത്ത ലോകം,
എന്റെ ഹൃത്തിലെ മുറിപ്പാടുകൾ
പിന്തിരിഞ്ഞു നോക്കവേ, 
എന്റെ ഏകാന്ത നേരങ്ങൾ...
ഇരുട്ടിൽ തെരുക്കളെ നോക്കി
കറുത്ത കുലംകുഷമായ മാനം നോക്കി...

തണുത്ത മഴയെൻ മേൽ പതിക്കവെ,
മാനം കരയുന്നതു ഞാൻ കണ്ടു, 
ആത്മാവിലേക്കാഴ്ന്നിറങ്ങിയ ശരവർഷം.
തോരാൻ മടിച്ചശ്രുക്കളെൻ മിഴികളിൽ.
ചില രാത്രികളിൽ 
രാത്രികളെ തുറിച്ചു നോക്കി,
എന്റെ വേദനകളേറ്റു ഞാൻ വിതുമ്പും...

വാഴ്വിൻ ചെറുപാതകളിൽ 
തകർന്ന മനസ്സോടെ,
ആത്മാവോടെ,
ഇഴഞ്ഞു നീങ്ങി ഞാൻ...
ഇരുട്ടിനും നിരാശക്കുമപ്പുറം 
വെളിച്ചം തേടി,
ഇവിടെ ഞാൻ 
അകമുടഞ്ഞുവെങ്കിലും 
സുസ്മേരവദനയായ്,
സ്നേഹത്തോടെ സ്നേഹിച്ചു, 
വിശ്വസിക്കാൻ പഠിക്കാൻ,
ഈ വികൃതമായ നോവെന്നെ
വിട്ടകന്നു പോയേ തീരൂ... 

ഉത്തരം

ഭൂഗർഭത്തിലേക്ക് പുറപ്പെട്ടാൽ 
ഞാനെൻറെ ലക്ഷ്യമെത്തിയേനെ,
സ്വമനസ്സിലേക്കൂളിയിട്ടപ്പോൾ 
വഴിയപ്പാടെ തെറ്റി പക്ഷെ !
ഓരോ വട്ടവും അപരിചിതമാമോരോ
കോണിലുമന്യയാം എന്നെ കണ്ടു...
സർവ്വദിശകളിലും ഭയ വിഹ്വലയായ്
സൂക്ഷ്‌മമായി വീക്ഷിച്ചുവെന്നാലും...
പേർത്തുമീ മനസ്സിന്റെയിരുളിൽ 
സ്വയം അന്യയായ് തീരുന്നുവിന്നും...
എന്നിലെ വൈരുദ്ധ്യങ്ങൾ 
ഭയപ്പെടുത്തുന്ന സ്ഫോടനങ്ങൾ,
എന്റെ ഇന്ദ്രിയങ്ങൾ പൊട്ടിത്തെറിക്കുന്നു;
വിഘടിച്ച എന്റെ ദേഹം 
ഞാൻ കാമിച്ച ദേഹങ്ങളെ തേടും,
ചീറ്റിത്തെറിക്കുന്ന രക്തമിതാ 
തീവ്രമായി ഞാൻ സ്നേഹിച്ചവരെ 
തേടിയൊഴുകുന്നു...
എന്റെ ദേഹി മാത്രം 
ആരെ തേടണമെന്നറിയാതെ,
ആരെ സ്നേഹിക്കണമെന്നറിയാതെ,
ഏകാന്തമായ്...
വ്യഥയോടെ...
ഉത്തരമറിയാതെന്നിലെക്കുള്ള 
യാത്ര തുടരും...