വാക്കുകൾക്കു വല്ലാത്ത ശക്തിയാണ്; സ്നേഹം, സന്തോഷം, സാന്ത്വനം, സൗമ്യത, ദേഷ്യം, നിരാശ, ഈർഷ്യ അങ്ങനെയങ്ങനെ...
എല്ലാ വികാരങ്ങളുടെയും ആഴവും പരപ്പും വർണ്ണവും കൂട്ടാനും കുറക്കാനും വാക്കുകൾക്ക് സാധിക്കും.
നാം പറയുന്ന വാക്കുകളുടെ ഘടന കൃത്യമല്ലെങ്കിൽ കേൾക്കുന്ന ആളെ നാം ഒരു പക്ഷെ വേദനിപ്പിച്ചേക്കാം, കൂടെ നമ്മെ തന്നെയും. അതിലൂടെ നഷ്ടമാകുന്നത് സ്നേഹവും വിശ്വാസവും കൊണ്ട് കെട്ടിപ്പൊക്കിയ നല്ല ബന്ധങ്ങളാകും.
വാക്കുകൾക്ക് അർത്ഥം കുറയുമ്പോളും അല്ലെങ്കിൽ മൂർച്ചയും, കാഠിന്യവും കൂടുമ്പോളും ഇത് തന്നെ സംഭവിക്കും. എത്ര ക്ഷമ പറഞ്ഞാലും, തിരുത്തിയാലും കേൾക്കേണ്ടവർ നമ്മളെ പിന്നെ കേട്ട് എന്ന് വരില്ല.
കാരണം, ചില ചിന്തകൾ പങ്കു വെക്കുമ്പോൾ അത് കേൾക്കുന്നവർ അംഗീകരിക്കണം എന്ന് വാശി പിടിക്കാൻ ആവില്ല, പക്ഷെ ആ ചിന്തകളെ ശരിയായി നാം പറഞ്ഞില്ലെങ്കിൽ അത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. അത് തിരുത്താൻ സാധിക്കണം എന്നില്ല.
ഇന്ന് ഞാൻ മനസിലാക്കുന്നു എനിക്ക് സൗഹൃദങ്ങൾ ഇല്ലാത്തതിൽ അതിശയമില്ല എന്ന്. സംസാരിക്കാനുള്ള ശേഷി ഇല്ലായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. അങ്ങനെ എങ്കിൽ വികലമായ ചിന്തകളിലൂടെ ഞാൻ ആരെയും വേദനിപ്പിക്കുമായിരുന്നില്ല, വാക്കുകൾക്കു എന്നെ തോൽപ്പിക്കാനും ആവുകയില്ലായിരുന്നല്ലോ...