Thursday, April 27, 2023

ഫിലിപ്പൈൻസിലെ വരാൽ

വിവിധരൂപങ്ങളിൽ, വിവിധവർണ്ണങ്ങളിൽ മത്സ്യങ്ങൾ നിരന്നു കിടക്കുന്നു. സുന്ദരന്മാരും സുന്ദരികളും ആയ ലോബ്സ്റ്ററുകൾ അടക്കം. കൈകാലുകൾ ബന്ധിക്കപ്പെട്ട ഞണ്ടുകൾ പെട്ടികളിൽ കിടന്നു ഞെളിപിരി കൊള്ളുന്നുണ്ടായിരുന്നു. 

അവരെയൊക്കെ കടന്നു പോകുമ്പോൾ ഒരാൾ എൻ്റെ കണ്ണിൽ തടഞ്ഞു. ഒരു മേശമേൽ തനിയെ കിടന്നു പിടയുന്ന ഒരു വലിയ വരാൽ. ശ്വാസം കിട്ടാതെ വലയുകയാണെന്നു കരുതി ഞാൻ മുഖം തിരിച്ചു. കണ്ടില്ലയെങ്കിൽ പിന്നെ കുറ്റബോധം തോന്നേണ്ട കാര്യമില്ലല്ലോ. പൂച്ച കണ്ണടച്ച് പാൽ കട്ട് കുടിക്കുന്നത് പോലെ. 

നെയ്മീൻ, ആവോലി, കിളിമീൻ അങ്ങനെ പല തരത്തിലുള്ള മീനുകൾ നാട്ടിൽ, അങ്ങ് ഇന്ത്യയിൽ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ വർണശബളമായ ഓണത്തിൻറെ പൂക്കളങ്ങളുടെ വിവിധ ആകൃതികളിലും വലുപ്പത്തിലും ഉള്ള പല പല മത്സ്യങ്ങൾ. കുറച്ചു അതിശയജനകം ആയിരുന്നു. 

ഓരോന്നിന്റെയും ഭാരവും വിലയും അന്വേഷിക്കുമ്പോഴും ഏറുകണ്ണിട്ടു ഞാൻ ആ വരാലിനെ നോക്കുന്നുണ്ടായിരുന്നു. പിടച്ചിൽ നിർത്തി കണ്ണുകൾ മിഴിച്ചു കഷ്ടപ്പെട്ട് ശ്വാസമെടുക്കുന്നതു കണ്ടു. എൻ്റെ മനസ്സിൽ ഒരു നോവ് അനുഭവപ്പെട്ടു. അടുത്ത് പോയി നോക്കിയപ്പോൾ ജീവിക്കാനുള്ള കൊതി ആ കണ്ണുകളിൽ പ്രകടമായിരുന്നു. അതിൻറെ കീഴ്ചുണ്ടിൽ ഒരു മുറിവും ഉണ്ടായിരുന്നു. വലയിൽ കുടുങ്ങിയപ്പോൾ ഉണ്ടായതാവാം. ഒരു മരണം കാണാനുള്ള ചങ്കുറപ്പ് ഇല്ലാത്തതു കൊണ്ട് ഞാൻ വീണ്ടും മുഖം തിരിച്ചു കളഞ്ഞു.ഒരാഴ്ചത്തേക്ക് കഴിക്കാനുള്ള നെയ്മീനും, സാൽമണും വെട്ടി വൃത്തിയാക്കി വാങ്ങി. 

പൊടുന്നനെ എന്നെ ഞെട്ടിച്ചു കൊണ്ട് അത് വീണ്ടും അനങ്ങാൻ തുടങ്ങി. വളഞ്ഞും, പുളഞ്ഞും സമുദ്രത്തിൽ അലകളിൽ നീന്തിത്തുടിക്കുന്നത് പോലെയോ, അതോ ജീവശ്വാസത്തിനു വേണ്ടി പിടയുന്നത് പോലെയോ.

വർണാഭമായ ചന്തയിൽ നിന്ന് ഇറങ്ങുമ്പോൾ എൻ്റെ ഹൃദയത്തിൻറെ നോവ് വീണ്ടുമുണർന്നു.വീണ്ടും ആ മേശമേലേക്ക്എൻ്റെ ദൃഷ്ടി പതിഞ്ഞു. പിടച്ചിൽ നിർത്തി, കണ്ണുകൾ ഓരത്തേക്ക് മിഴിച്ചു, അവസാനത്തെ ശ്വാസം മുറിഞ്ഞ ചുണ്ടുകൾക്കിടയിലൂടെ ആർത്തിയോടെ വലിച്ചെടുക്കുന്ന പാവം വരാൽ. സഹതാപമൂറുന്ന ഒരു നോട്ടം സമ്മാനിച്ച് രണ്ടു കിലോ ചത്ത മീനുകളും കൊണ്ട് ഞാൻ വീട്ടിലേക്കു പുറപ്പെട്ടു.