പ്രളയവും കൊടുങ്കാറ്റും തീച്ചൂടും കഴിഞ്ഞു നമ്മളെ പുണരുകയായി ഒരു പുത്തൻ പകർച്ച വ്യാധി... നിശബ്ദമായി, ഒരുപാടു പേരെ എന്നന്നേക്കുമായി നിശ്ശബ്ദരാക്കി...
കൊറോണ--- എന്തെങ്കിലും സിനിമ നടിയുടെ പേരല്ല... കോവിഡ് 19 എന്ന പുതിയ രോഗം സമ്മാനിക്കുന്ന സുന്ദരനായ വൈറസ് ആണ്...
ഈ കുഞ്ഞൻ കഴിഞ്ഞ കുറെ നാളുകളായി ലോകത്തെ കീഴ്മേൽ മരിച്ച ശക്തനാണ്... കല്ലും കവിണയും അമ്പും വില്ലും വാളും തോക്കും പീരങ്കിയും, സർവ്വ ആയുധങ്ങളും തോറ്റു തുന്നം പാടിക്കഴിഞ്ഞു.... സൃഷ്ടികളിലെ പരമമായ പദം അലങ്കരിക്കുന്ന സർവായുധനായ, പരമാധികാരിയായ അജയ്യനായ മനുഷ്യൻ തല കുനിച്ചതു അദൃശ്യനായ കൊറോണക്കുട്ടന് മുന്നിൽ... എന്തൊരു പരാജയം അല്ലെ...
എന്നാൽ പിന്നെ നമുക്കു ഈ കുഞ്ഞനോട് ഒന്ന് പൊരുതിയാലോ എന്ന് വിചാരിച്ചു സർവ രാജ്യങ്ങളും കച്ചയും മുറുക്കി ഇറങ്ങിയപ്പോൾ, അവൻ വ്യത്യസ്തമായ വഴികളിൽ കൂടി വീണ്ടും ആക്രമണം അഴിച്ചു വിട്ടു.
അപ്പോൾ വന്നിറങ്ങിയ സ്വദേശിയേയും, പ്രവാസിയെയും, വിദേശിയെയും സംശയം നിറഞ്ഞ കണ്ണോടെ മാത്രം നോക്കാൻ തുടങ്ങി, അവർക്കു മുന്നിൽ വാതിലുകൾ കൊട്ടിയടച്ചു. രോഗം ഉണ്ടെങ്കിലും ഇല്ലെങ്കിലും, എല്ലാരേയും സന്ദേഹപ്പെടാൻ ആരംഭിച്ചു. ബന്ധിക്കപ്പെടാൻ സ്വയം ശ്രമിക്കാതെ മറ്റുള്ളവരെ ബന്ധിക്കാൻ ഇറങ്ങി പുറപ്പെട്ടു. സ്വന്തം വായും മൂക്കും പൊത്താതെ, മറ്റുള്ളവരെ മുഖം മൂടാൻ പഠിപ്പിക്കാൻ ഇറങ്ങി. ആരെയും സ്പർശിക്കാതെ നടക്കാൻ, ആരുടേയും ശ്വാസം എന്റെ മേലെ പതിക്കാതെ ഇരിക്കാൻ, ആവേശം ഉണർന്നു. കൈകൾ നിമിഷങ്ങളുടെ ഇടവേളകളിൽ സാനിറ്റൈസർ ഉപയോഗിച്ചു തുടച്ചു കൊണ്ടേയിരിക്കുന്നു.
ഇങ്ങനെ ഞാൻ, എന്റേത്, എന്നതിലേക്ക് ഒതുങ്ങുമ്പോൾ എല്ലാവരിലേക്കും എത്തുന്ന ചിലരെ കുറിച്ച് നമ്മൾ ഓർക്കാറുണ്ടോ? ഡോക്ടർമാർ, നേഴ്‌സുമാർ, ആശുപത്രി ജീവനക്കാർ, സർക്കാർ അധികാരികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, സ്വയം ക്വാറന്റൈൻ അവസ്ഥയിലേക്ക് പോകുന്നവർ...
ഇവരുടെ ചിന്തകളിലേക്ക് വെറുതെ ഒന്ന് എത്തി നോക്കാനെങ്കിലും മെനക്കെടാറുണ്ടോ?... ഇവരൊക്കെ നമ്മുടെ രക്ഷകർ ആണ്. ചിന്തിക്കണം, നോക്കണം. പ്രബുദ്ധർ എന്ന് അവകാശപ്പെടുമ്പോൾ അത് അഹം എന്നതിലേക്ക് ഉൾവലിയുന്നതല്ല, മറിച്ചു നിർദേശങ്ങൾ പാലിക്കുകയും, സഹജീവികളോടും, ഭൂമിയോടും കടമയോടെ പെരുമാറുകയും ചെയ്യുകയും അല്ലേ?
ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക, സംശയത്തിന്റെ പേരിൽ സഹജീവികളെ അകറ്റി നിർത്താതെയിരിക്കുക. നമ്മളെ പോലെ സ്വപ്‌നങ്ങൾ കാണുന്നവരാണ് എല്ലാവരും; സ്വപ്‌നങ്ങൾ നയിക്കുന്ന വഴിയേ പോകുന്നവർ. നാളെ ഈ അവസ്ഥ നമുക്കും വന്നു കൂടായ്കയില്ല. കാരണം ഈ ഭൂമിക്കു എല്ലാവരും ഒരേ പോലെയാണ്, അതെ പോലെ കുഞ്ഞൻ വൈറസിനും... ഇതിൽ നമുക്കു മാത്രമായി മരണവുമില്ല ജീവിതവുമില്ല...
ദേവാലയങ്ങളും അടച്ചിരിക്കുന്നു. ആയിരിക്കുന്ന ഇടങ്ങളിൽ ഈ ലോകത്തിനു വേണ്ടി ഒരു മനസ്സോടെ പ്രാർത്ഥിക്കാം...
No comments:
Post a Comment