Monday, November 14, 2022

വാക്കുകളുടെ ശക്തി

വാക്കുകൾക്കു വല്ലാത്ത ശക്തിയാണ്; സ്നേഹം, സന്തോഷം, സാന്ത്വനം, സൗമ്യത, ദേഷ്യം, നിരാശ, ഈർഷ്യ അങ്ങനെയങ്ങനെ... 

എല്ലാ വികാരങ്ങളുടെയും ആഴവും പരപ്പും വർണ്ണവും കൂട്ടാനും കുറക്കാനും വാക്കുകൾക്ക് സാധിക്കും. 

നാം പറയുന്ന വാക്കുകളുടെ ഘടന കൃത്യമല്ലെങ്കിൽ കേൾക്കുന്ന ആളെ നാം ഒരു പക്ഷെ വേദനിപ്പിച്ചേക്കാം, കൂടെ നമ്മെ തന്നെയും. അതിലൂടെ നഷ്ടമാകുന്നത് സ്നേഹവും വിശ്വാസവും കൊണ്ട് കെട്ടിപ്പൊക്കിയ നല്ല ബന്ധങ്ങളാകും. 

വാക്കുകൾക്ക് അർത്ഥം കുറയുമ്പോളും അല്ലെങ്കിൽ മൂർച്ചയും, കാഠിന്യവും കൂടുമ്പോളും ഇത് തന്നെ സംഭവിക്കും. എത്ര ക്ഷമ പറഞ്ഞാലും, തിരുത്തിയാലും കേൾക്കേണ്ടവർ നമ്മളെ പിന്നെ കേട്ട് എന്ന് വരില്ല. 

കാരണം, ചില ചിന്തകൾ പങ്കു വെക്കുമ്പോൾ അത് കേൾക്കുന്നവർ അംഗീകരിക്കണം എന്ന് വാശി പിടിക്കാൻ ആവില്ല, പക്ഷെ ആ ചിന്തകളെ ശരിയായി നാം പറഞ്ഞില്ലെങ്കിൽ അത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. അത് തിരുത്താൻ സാധിക്കണം എന്നില്ല. 

ഇന്ന് ഞാൻ മനസിലാക്കുന്നു എനിക്ക് സൗഹൃദങ്ങൾ ഇല്ലാത്തതിൽ അതിശയമില്ല എന്ന്. സംസാരിക്കാനുള്ള ശേഷി ഇല്ലായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. അങ്ങനെ എങ്കിൽ വികലമായ ചിന്തകളിലൂടെ ഞാൻ ആരെയും വേദനിപ്പിക്കുമായിരുന്നില്ല, വാക്കുകൾക്കു എന്നെ തോൽപ്പിക്കാനും ആവുകയില്ലായിരുന്നല്ലോ... 


Wednesday, October 19, 2022

സ്നേഹസഞ്ചാരം

 പാടി തീരാത്ത ഈണമായി,

പറഞ്ഞു തീരാത്ത മൗനമായി,

പെയ്തു തീരാത്ത മാരിയായി,

തിരകളൊടുങ്ങാത്ത ആഴിയായി,

എൻ്റെ പ്രണയം...


വർണ്ണങ്ങളുറങ്ങാത്ത ചിത്രമായി,

തീരാത്ത തേനൂറുന്ന മലരായി,

പൂവിനെ പുണരുന്ന ശലഭമായി,

തീരത്തെ പുൽകുന്ന കടലായി,

നിന്റെ പ്രണയം...


ഞാന്‍ ഓർത്തുകൊണ്ടേയിരുന്നു,

നീയെന്നെ സ്നേഹിച്ചുകൊണ്ടുമിരുന്നു

എന്‍റെ ഓർമ്മയും നിന്റെ സ്നേഹവും

കണ്ടുമുട്ടിയപ്പോള്‍ തോറ്റുപോയത്‌ ഞാനും...

Wednesday, September 21, 2022

പ്രണയമൊഴുകട്ടെ...

 നിദ്രയിലാണ്ടയെന്നുള്ളത്തെ തൊട്ടുണർത്തി 

വർഷക്കുളിരിന്റെ അഴകാർന്ന പ്രണയം

ഇനിയൊരിക്കലും ഉണരില്ലയെന്നയാ ചിന്തന

തൂക്കിയെറിഞ്ഞുവോ വർഷസമീരൻ...


നീയില്ലാതെയെൻ ദിനങ്ങളെല്ലാം ശൂന്യം, 

ഇരവുകളെല്ലാമെനിക്കനന്തം,

കാണുന്നതെല്ലാം നം ഭവികം...

ഇന്നലെകളിലേക്കാളീ രാഗം ശക്തം,

കനവുകൾ നിറവുകളിലേക്കുണരുന്നതോ... 


ഈയുലകമെൻ ജീവനം മാറ്റിയാലും 

എന്നുമിടറാത്ത സ്നേഹത്തേക്കാളേറെ 

നൽകുവാനും ചോദിക്കുവാനുമേതുമില്ല,

മുന്നോട്ടുള്ള വഴി ദുഷ്കരമെങ്കിൽ 

ആ രാഗം നമ്മെ നയിക്കും

വഴികാട്ടിയായ നക്ഷത്രം പോലെ...


നീ മാറേണ്ടതില്ല, ഞാനും...