Monday, April 20, 2020

ഒരു തീർത്ഥയാത്ര

മൗനം
ആഴമാർന്ന ഇരുട്ടിന്റെ മൗനം,
തടസ്സമില്ലാതെ എന്നെ
ഞാനറിയുന്ന ശൂന്യതയിൽ,
ഇന്നെനിക്കു വികാരങ്ങളില്ല
വിചാരങ്ങളുടെ പ്രകമ്പനവുമില്ല,
നിദ്രയുടെ സീമകൾ തേടിയീ യാത്രയിൽ,
അറിയുന്നുവെന്നോടുള്ളയാ തീവ്രമാം
സ്നേഹമലരിന്റെതാം അശ്രുപൂജ...
ഉണരാത്ത പകലുകളുടെ
ഉറങ്ങാത്ത രാവുകളുടെ
പഴകിയടരുന്ന തനിയാവർത്തനം,
കാണുകയില്ലിനിമേൽ - ഈ
ജന്മത്തിൻ തിരശീല വീഴ്‌കെ...

എന്റെ നെറുകയിലമരുന്നു ചുണ്ടുകൾ
വേദനയുടെ വിറയലോടെ...
കരുത്താർന്ന കൈകളെന്നെയെരിയുമാ
ചിതയിലേക്കെറിയവെ
ആദ്യമായറിഞ്ഞു ഞാൻ
അഗ്നിയുടെ പൊള്ളുന്ന സ്നേഹം,
മധുരമെന്നമ്മയെ പോലെ...
ചാരമായെന്റെ ശരീരമവരേതോ
പുണ്യഗംഗയിലേക്കൊഴുക്കി വിട്ടു
ഓളങ്ങളുടെ മടിയിൽ തഴുകി
സായൂജ്യം തേടിയൊരാത്മയാത്ര ...
തിരികെ വരാത്ത യാത്ര...

മൃതിയുടെ തണുത്ത സ്പര്ശത്തിൽ
തളർന്നു വീഴുന്ന ദേഹം,
ഉണരുന്നയെൻ ദേഹി...
ഭൂമിയുടെ സുന്ദരസ്മിതത്തിലലിയുന്നു
എന്റെ പ്രിയജനങ്ങൾ,

പുതിയ ലോകത്തിലെന്നത്തെയും പോലെ
വീണ്ടും ഞാൻ തനിയെ യാത്ര തുടരുന്നു....

No comments:

Post a Comment