Wednesday, June 14, 2023

നിണമണിഞ്ഞ നീളൻ യാത്ര

 നീളൻ വണ്ടികൾ തമ്മിൽ മുട്ടി

പെട്ടികൾ തെറിച്ചു വീഴവെ,

നിശബ്ദമായ പുഞ്ചിരികൾ,

കൂമ്പിയടഞ്ഞ സ്വപ്‌നങ്ങൾ,

പിടഞ്ഞു നീറും നൊമ്പരങ്ങൾ,

കാലമെത്താതെ പൊഴിഞ്ഞ

ജീവനറ്റ ജഡങ്ങൾ,

രണമൊഴുകും കബന്ധങ്ങൾ,

തുറിച്ച കണ്ണുകൾ കൊത്തിവലിക്കുന്ന

ആർത്തി പൂണ്ട കഴുകക്കൂട്ടം...

ചാറ്റലിൽ ഊറിയിറങ്ങുന്നു,

ചതയിലെ കൊഴുത്ത രക്തം.

വീശും മാരുതനിൽ നിറയുന്ന  

ചാവിൻറെ കടുത്ത ഗന്ധം...

ഇനി വരും വാർത്തകളിൽ,

എല്ലോരുടെയും വാക്കുകളിൽ,

നിറയുമീ കണ്ണീർജഡങ്ങൾ.

ഇനിയൊരു കദനകഥ വരും വരെ...





Thursday, April 27, 2023

ഫിലിപ്പൈൻസിലെ വരാൽ

വിവിധരൂപങ്ങളിൽ, വിവിധവർണ്ണങ്ങളിൽ മത്സ്യങ്ങൾ നിരന്നു കിടക്കുന്നു. സുന്ദരന്മാരും സുന്ദരികളും ആയ ലോബ്സ്റ്ററുകൾ അടക്കം. കൈകാലുകൾ ബന്ധിക്കപ്പെട്ട ഞണ്ടുകൾ പെട്ടികളിൽ കിടന്നു ഞെളിപിരി കൊള്ളുന്നുണ്ടായിരുന്നു. 

അവരെയൊക്കെ കടന്നു പോകുമ്പോൾ ഒരാൾ എൻ്റെ കണ്ണിൽ തടഞ്ഞു. ഒരു മേശമേൽ തനിയെ കിടന്നു പിടയുന്ന ഒരു വലിയ വരാൽ. ശ്വാസം കിട്ടാതെ വലയുകയാണെന്നു കരുതി ഞാൻ മുഖം തിരിച്ചു. കണ്ടില്ലയെങ്കിൽ പിന്നെ കുറ്റബോധം തോന്നേണ്ട കാര്യമില്ലല്ലോ. പൂച്ച കണ്ണടച്ച് പാൽ കട്ട് കുടിക്കുന്നത് പോലെ. 

നെയ്മീൻ, ആവോലി, കിളിമീൻ അങ്ങനെ പല തരത്തിലുള്ള മീനുകൾ നാട്ടിൽ, അങ്ങ് ഇന്ത്യയിൽ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ വർണശബളമായ ഓണത്തിൻറെ പൂക്കളങ്ങളുടെ വിവിധ ആകൃതികളിലും വലുപ്പത്തിലും ഉള്ള പല പല മത്സ്യങ്ങൾ. കുറച്ചു അതിശയജനകം ആയിരുന്നു. 

ഓരോന്നിന്റെയും ഭാരവും വിലയും അന്വേഷിക്കുമ്പോഴും ഏറുകണ്ണിട്ടു ഞാൻ ആ വരാലിനെ നോക്കുന്നുണ്ടായിരുന്നു. പിടച്ചിൽ നിർത്തി കണ്ണുകൾ മിഴിച്ചു കഷ്ടപ്പെട്ട് ശ്വാസമെടുക്കുന്നതു കണ്ടു. എൻ്റെ മനസ്സിൽ ഒരു നോവ് അനുഭവപ്പെട്ടു. അടുത്ത് പോയി നോക്കിയപ്പോൾ ജീവിക്കാനുള്ള കൊതി ആ കണ്ണുകളിൽ പ്രകടമായിരുന്നു. അതിൻറെ കീഴ്ചുണ്ടിൽ ഒരു മുറിവും ഉണ്ടായിരുന്നു. വലയിൽ കുടുങ്ങിയപ്പോൾ ഉണ്ടായതാവാം. ഒരു മരണം കാണാനുള്ള ചങ്കുറപ്പ് ഇല്ലാത്തതു കൊണ്ട് ഞാൻ വീണ്ടും മുഖം തിരിച്ചു കളഞ്ഞു.ഒരാഴ്ചത്തേക്ക് കഴിക്കാനുള്ള നെയ്മീനും, സാൽമണും വെട്ടി വൃത്തിയാക്കി വാങ്ങി. 

പൊടുന്നനെ എന്നെ ഞെട്ടിച്ചു കൊണ്ട് അത് വീണ്ടും അനങ്ങാൻ തുടങ്ങി. വളഞ്ഞും, പുളഞ്ഞും സമുദ്രത്തിൽ അലകളിൽ നീന്തിത്തുടിക്കുന്നത് പോലെയോ, അതോ ജീവശ്വാസത്തിനു വേണ്ടി പിടയുന്നത് പോലെയോ.

വർണാഭമായ ചന്തയിൽ നിന്ന് ഇറങ്ങുമ്പോൾ എൻ്റെ ഹൃദയത്തിൻറെ നോവ് വീണ്ടുമുണർന്നു.വീണ്ടും ആ മേശമേലേക്ക്എൻ്റെ ദൃഷ്ടി പതിഞ്ഞു. പിടച്ചിൽ നിർത്തി, കണ്ണുകൾ ഓരത്തേക്ക് മിഴിച്ചു, അവസാനത്തെ ശ്വാസം മുറിഞ്ഞ ചുണ്ടുകൾക്കിടയിലൂടെ ആർത്തിയോടെ വലിച്ചെടുക്കുന്ന പാവം വരാൽ. സഹതാപമൂറുന്ന ഒരു നോട്ടം സമ്മാനിച്ച് രണ്ടു കിലോ ചത്ത മീനുകളും കൊണ്ട് ഞാൻ വീട്ടിലേക്കു പുറപ്പെട്ടു.

Thursday, March 30, 2023

കാഴ്ചക്കപ്പുറം

 കാർമേഘങ്ങൾ തിങ്ങിവിങ്ങി;

അവളുടെ നേത്രങ്ങളും...

ഇമ്പമോ തുമ്പമോ വേറുതിരിക്കാ-

നറിയാതിടറുന്ന ഇമകൾ...

സ്നേഹം ഭ്രാന്താണെങ്കിൽ 

സുബോധമാഗ്രഹിക്കുന്നില്ലയവൾ;

ആ കൈകൾ നയിക്കുമെങ്കിൽ

മതിഭ്രമത്തിൻ്റെ താഴ്വരയെ

നിർഭയമവൾ പുൽകിയേനെ...

മനസ്സിന്റെ അടിത്തട്ടിലെങ്ങോ 

അടിഞ്ഞു നിൽക്കുന്ന കനങ്ങൾ-

ക്കപ്പുറം അനന്തമാം നിശ്ശബ്ദത...

പ്രണയത്തിനും ഭ്രാന്തിനുമിടയിൽ 

കാഴ്ചക്കതീതമായ് ഇരുട്ടിന്റെ

കറുപ്പ് പേറിയ കിനാവുകൾ...

 





Tuesday, March 21, 2023

ബ്രഹ്മപുരത്തെ വിഷപ്പുക

 പുകയാണിവിടെ...
വിഷപ്പുക...
ശ്വാസകോശത്തിലടിയുന്ന 
ദുർഗന്ധം വമിക്കുന്ന  
കരിമെഴുക്കുകൾ...
വലം വെച്ചുയരുന്ന 
വായു പടലങ്ങളിൽ
മരണത്തിൻറെ മണം...
എരിഞ്ഞു പുകയുന്നയാ
മാലിന്യത്തെ നോക്കി
ഭരണകൂടത്തെ എതിർത്തു,
സഹമാനുഷരേയും;
എന്റെ ജീവനെ ഹനിക്കാൻ,
ശ്വസനനാളിയെ ഞെരുക്കാൻ,
നിങ്ങളാണ് ഹേതുവെന്ന്...
വിടരാതെ ഉതിരാനൊരുങ്ങി 
പന്നീർമൊട്ടെന്നെ നോക്കി 
അവളും പോകയാണത്രെ.. 
പോകും മുന്നൊരു ചോദ്യം,
തളർന്ന മനസ്സോടെ  
കൂമ്പിയടയുമാ 
മിഴികളിൽ നോക്കി
ഞാൻ വിവർണ്ണയായി,
കാതിലാ ചോദ്യം മുഴങ്ങി;
"ഈ മാലിന്യത്തിൽ 
നിന്റെയും പങ്കില്ലേ?"

Tuesday, March 14, 2023

കാത്തിരിപ്പ്

പ്രതീക്ഷയോടെ മനം

ഇനിയും കാക്കാനും

ജീവിക്കാനും ഹേതു തേടി,

ഇനിയുള്ള ജന്മം

ഒരു തളിരാവട്ടെ ഞാൻ...

പൂമ്പാറ്റയായി നീയും


എന്നും നീയെന്നെ തഴുകുക...

തന്തുകം ബാക്കിയാക്കി 

മുഴുവൻ  മധുവും നുകരുക... 


അനുരാഗത്തിന്റെ രക്തം 

വറ്റിയ ഞരമ്പുകൾ 

കണ്ണാടി പോലെ- അവയെ 

ചേർത്ത് വെച്ച്  

നമുക്ക് ഭവ്യകാലം നെയ്യാം. 

Friday, January 13, 2023

സ്നേഹത്തിലേക്കുള്ള ദൂരം

 പ്രണയം... കൊടുക്കുന്തോറും മനസ്സിന് സന്തോഷം നൽകുന്ന ഒരു സമ്മിശ്ര വികാരം. 

സമീപമെത്തുള്ളപ്പോൾ തൊട്ട്, തലോടി, തഴുകി, മുത്തമിട്ട്‌, പുണർന്ന്, ഒന്നായുറങ്ങി, ഒന്നായുണർന്ന്, ഇണ ചേർന്ന്, കൈകൾ കോർത്ത്, സഞ്ചരിച്ച്, അങ്ങനെയങ്ങനെ ജീവിതത്തിൽ കിട്ടാൻ ആഗ്രഹിച്ച സ്നേഹമാണ് അവൾ അവനു നൽകിയത്...

അവൻ സ്വപ്നതുല്യമായ ജീവിതം നൽകി പ്രണയം തിരിച്ചും പകർന്നൊഴുക്കി. എവിടെയോ ദൂരങ്ങളിൽ നിന്ന് അവർ പ്രണയിച്ചു കൊണ്ടിരുന്നു. അകലങ്ങളെ ഇല്ലാതെയാക്കാൻ പ്രണയം എന്ന അത്ഭുതത്തിന് സാധിക്കും. ഇനി ആ പ്രണയം ഭ്രാന്താണെങ്കിൽ അവർ സുബോധം വീണ്ടെടുക്കാതെ ഇരിക്കട്ടെ...

സ്വന്തമാകുമ്പോൾ, ജീവിതത്തിന്റെ നിരന്തര ഭാഗവും ശീലവും ആകുമ്പോൾ, ആഴം കുറയാതെ, മൂല്യം കുറയാതെ എന്നും എപ്പോളും പരസ്പരം പ്രണയിക്കാൻ കഴിയുമോ? കഴിയണം, പ്രതീക്ഷകൾ ഇല്ലാതെയാകുമ്പോൾ പ്രണയം കെടാവിളക്കായി തെളിഞ്ഞിരിക്കും. 

റൂമി പറഞ്ഞത് ഓർത്തു പോകുന്നു, പ്രണയിതാക്കൾ ഒരു നാൾ കണ്ടുമുട്ടുകയല്ല, അവർ രണ്ടു പേരും എന്നും മറ്റെയാളെ ഹൃദയത്തിൽ പേറുന്നുണ്ടായിരുന്നു.  

“Lovers don’t finally meet somewhere. They’re in each other all along.” - Rumi