Thursday, March 30, 2023

കാഴ്ചക്കപ്പുറം

 കാർമേഘങ്ങൾ തിങ്ങിവിങ്ങി;

അവളുടെ നേത്രങ്ങളും...

ഇമ്പമോ തുമ്പമോ വേറുതിരിക്കാ-

നറിയാതിടറുന്ന ഇമകൾ...

സ്നേഹം ഭ്രാന്താണെങ്കിൽ 

സുബോധമാഗ്രഹിക്കുന്നില്ലയവൾ;

ആ കൈകൾ നയിക്കുമെങ്കിൽ

മതിഭ്രമത്തിൻ്റെ താഴ്വരയെ

നിർഭയമവൾ പുൽകിയേനെ...

മനസ്സിന്റെ അടിത്തട്ടിലെങ്ങോ 

അടിഞ്ഞു നിൽക്കുന്ന കനങ്ങൾ-

ക്കപ്പുറം അനന്തമാം നിശ്ശബ്ദത...

പ്രണയത്തിനും ഭ്രാന്തിനുമിടയിൽ 

കാഴ്ചക്കതീതമായ് ഇരുട്ടിന്റെ

കറുപ്പ് പേറിയ കിനാവുകൾ...

 





Tuesday, March 21, 2023

ബ്രഹ്മപുരത്തെ വിഷപ്പുക

 പുകയാണിവിടെ...
വിഷപ്പുക...
ശ്വാസകോശത്തിലടിയുന്ന 
ദുർഗന്ധം വമിക്കുന്ന  
കരിമെഴുക്കുകൾ...
വലം വെച്ചുയരുന്ന 
വായു പടലങ്ങളിൽ
മരണത്തിൻറെ മണം...
എരിഞ്ഞു പുകയുന്നയാ
മാലിന്യത്തെ നോക്കി
ഭരണകൂടത്തെ എതിർത്തു,
സഹമാനുഷരേയും;
എന്റെ ജീവനെ ഹനിക്കാൻ,
ശ്വസനനാളിയെ ഞെരുക്കാൻ,
നിങ്ങളാണ് ഹേതുവെന്ന്...
വിടരാതെ ഉതിരാനൊരുങ്ങി 
പന്നീർമൊട്ടെന്നെ നോക്കി 
അവളും പോകയാണത്രെ.. 
പോകും മുന്നൊരു ചോദ്യം,
തളർന്ന മനസ്സോടെ  
കൂമ്പിയടയുമാ 
മിഴികളിൽ നോക്കി
ഞാൻ വിവർണ്ണയായി,
കാതിലാ ചോദ്യം മുഴങ്ങി;
"ഈ മാലിന്യത്തിൽ 
നിന്റെയും പങ്കില്ലേ?"

Tuesday, March 14, 2023

കാത്തിരിപ്പ്

പ്രതീക്ഷയോടെ മനം

ഇനിയും കാക്കാനും

ജീവിക്കാനും ഹേതു തേടി,

ഇനിയുള്ള ജന്മം

ഒരു തളിരാവട്ടെ ഞാൻ...

പൂമ്പാറ്റയായി നീയും


എന്നും നീയെന്നെ തഴുകുക...

തന്തുകം ബാക്കിയാക്കി 

മുഴുവൻ  മധുവും നുകരുക... 


അനുരാഗത്തിന്റെ രക്തം 

വറ്റിയ ഞരമ്പുകൾ 

കണ്ണാടി പോലെ- അവയെ 

ചേർത്ത് വെച്ച്  

നമുക്ക് ഭവ്യകാലം നെയ്യാം.