Friday, May 3, 2013

യാക്കോബിന്റെ ദൈവം

മാഗസിനിൽ ഒരു ലേഖനം എഴുതാൻ ഇരുന്നപ്പോൾ ആദ്യം മനസ്സിൽ  വന്നത് എന്റെ അച്ഛനാണ്. ഞാനും എന്റെ അച്ഛനും കൂടെ ഒരു യാത്രാവേളയിൽ വേദപുസ്തകത്തിലെ ചില കഥാപാത്രങ്ങളെ പറ്റി സംസാരിക്കുകയുണ്ടായി. അപ്പോൾ ഞാൻ പറഞ്ഞു എനിക്ക് യക്കൊബിനെ ഇഷ്ടമല്ല. അയാൾ ഒരു ചതിയനാണ്, കള്ളനാണ് എന്നൊക്കെ... അച്ഛനും അതിനെ പിന്താങ്ങി. പക്ഷെ, എന്നിട്ടും ദൈവം എന്തിനു അയാളെ തിരഞ്ഞെടുത്തു? അന്ന് ഞങ്ങൾ ചർച്ച ചെയ്ത കാര്യങ്ങൾ തന്നെയാണ് ഞാൻ ലേഖനമാക്കിയത്. അതിന്റെ ഒരു രത്നച്ചുരുക്കം ആണിത്. 

യാക്കോബ് ജനിക്കുമ്പോൾ തന്നെ ജ്യേഷ്ഠന്റെ കുതികാലിൽ ബലമായി പിടിചിരുന്നവനാണ്. അവൻ നാണം കുണുങ്ങിയും അമ്മയുടെ പ്രിയപുത്രനും ആയിരുന്നു. ജ്യേഷ്ഠനായ എശാവ് അപ്പന് പ്രിയപ്പെട്ടവനാണ്, വേട്ടക്കാരനാണ് . ഒരു ദിവസം വിശന്നു വന്ന എശാവിനു ചുവന്ന പായസം കൊടുത്തു യാക്കോബ് ജ്യെഷ്ടവകാശം തന്ത്രപൂർവം വാങ്ങുന്നു. പിന്നീട് അമ്മയുടെ ഉപദേശപ്രകാരം അപ്പനെ തെറ്റിദ്ധരിപ്പിച്ചു എശാവിനു അപ്പൻ കൊടുക്കാൻ വെച്ചിരുന്ന അനുഗ്രഹങ്ങൾ മേടിക്കുന്നു.  ദൈവം യാക്കോബിന് തന്നെയാണ് അനുഗ്രഹങ്ങൾ കൊടുക്കാൻ ഇസ്സഹക്കിനെ ഏൽപ്പിച്ചിരുന്നത്‌.. ആ വാക്ക് തെറ്റിക്കാൻ പോയ ഇസ്സഹാക്കിനെ അയാൾ അറിയാതെ തന്നെ ദൈവം യാക്കോബിന്റെ പ്രവൃതിയിലൂടെ തിരുത്തുകയാണ്.  

തുടർന്ന് ഏശാവിന്റെ കോപം ഭയന്ന് യാക്കോബ് അമ്മാവനായ ലാബാന്റെ അടുക്കൽ  ആശ്രയം തേടുകയാണ്. ലാബാന്റെ മകൾ രാഹെലിനെ കിട്ടാൻ അയാൾ 7 വർഷങ്ങൾ ലാബാന്റെ അടിമയായി പണിയെടുക്കുന്നു. പക്ഷെ ലാബാൻ തന്റെ മൂത്ത മകൾ ലെയയെയാണ് യാക്കോബിന് കൊടുക്കുന്നത്. കാരണമോ, മൂത്തവൾക്കു മുൻപേ ഇളയവളെ കെട്ടിക്കുന്ന ഏര്പ്പാട് അവരുടെ നാട്ടിൽ ഇല്ലത്രെ.  ഇത് യാക്കോബിന് ഒരു അടിയായി പോയില്ലേ? ജ്യേഷ്ഠനെ ചതിച്ചത് ഒര്ക്കാനുള്ള ഒരു അവസരം. പിന്നയും 7 വർഷങ്ങൾ അടിമപ്പണി ചെയ്തു രഹെലിനെയും യാക്കോബ് സ്വന്തമാക്കി. തുടർന്ന് ജീവിതം കരുപ്പിടിക്കാനും,സമ്പാദിക്കാനുമായി വീണ്ടും 7 വർഷങ്ങൾ. ഒടുവിൽ ഒരു പ്രഭുവായി സ്വന്ത ദേശത്തേക്ക് മടക്കയാത്ര. 

കൊല്ലാനായി കാത്തിരിക്കുന്ന എശാവ്... പ്രാർത്ഥിക്കുന്നുണ്ടെങ്കിലും ദൈവത്തോടു  അപേക്ഷകളും, കണ്ടീഷൻസും വെച്ചിരുന്ന ഒരാളാണ് യാക്കോബ്. അവസാനം തളര്ന്ന യാക്കോബ്, നിരാശ്രയനായ യാക്കോബ്, അവന്റെഅടുക്കലേക്കു ദൈവം എത്തുകയാണ്. ദൈവവുമായി ഗുസ്തിയിൽ എര്പ്പെടുന്ന യാക്കോബ്. പകൽ വെളിച്ചത്തിൽ തന്റെ മുഖം  കണ്ടാൽ യാക്കോബ് മരിച്ചു പോകും എന്നറിയാവുന്ന ദൈവം പിന്മാറാൻ ഒരുങ്ങുന്നു. പക്ഷെ ദൈവം തന്നെ അനുഗ്രഹിച്ചലല്ലാതെ താൻ ദൈവത്ത വിടുകയില്ല എന്ന് യാക്കോബ്  വാശി പിടിക്കുന്നു. ദൈവനുഗ്രഹം കിട്ടാതെ ഇരിക്കുന്നതിനേക്കാൾ മരണം തന്നെ നല്ലത് എന്നാ കാര്യം അയാൾ തിരിച്ചറിഞ്ഞു. അങ്ങനെ തന്റെ മുന്നിൽ കീഴടങ്ങിയ യാക്കോബിനെ ദൈവം അനുഗ്രഹിച്ചു 'ഇസ്രായേൽ' എന്ന പേര് നല്കുന്നു. തുടർന്ന് യാക്കോബിനെ സ്വീകരിക്കുന്ന എശാവിനെയാണ് നാം കാണുന്നത്. 

കഥയിലുടനീളം തമ്മിൽ സംസാരിക്കാത്ത ഇസ്ഹാക്കിനെയും റിബെക്കയെയും  ശ്രദ്ധിക്കുക.  എശാവും യാക്കോബും തമ്മിൽ ആരോഗ്യകരമായ സംഭാഷണ ങ്ങളില്ല.ഇസ്സ്സഹക്കും യാക്കോബും തമ്മിൽ മിണ്ടുന്നില്ല. റിബെക്കയും എശാവും തമ്മിലും മിണ്ടാട്ടമില്ല. ശിഥിലമായ കുടുംബത്തിൽ  മാതൃകയായി ആരുമില്ലാതെ വളർന്നവനാണ് യാക്കോബ്. വേണമെങ്കിൽ സ്വയം നന്നാവാം. പക്ഷെ വളർത്തു ദോഷത്തിന്റെ പേരിൽ സാഹചര്യങ്ങളോടു തെറ്റായി പ്രതികരിക്കുന്ന യാക്കൊബിനെയാണ് നാം കാണുന്നത്.

ദൈവം അവന്റെ തെറ്റുകള്ക്ക് അവനെ ശിക്ഷിക്കുന്നുണ്ട്‌...... ജ്യേഷ്ഠനെ ചതിച്ച യാക്കോബിനെ അമ്മാവൻ ചതിക്കുന്നു. ഭയവും അരക്ഷിതാവസ്ഥയും യാക്കോബിനെ വല്ലാതെ കാർന്നു തിന്നുന്നു. സ്വയം എല്ലാം കഴിയും എന്നാ അവന്റെ ചിന്തയെ ദൈവം പിഴുതെറിഞ്ഞു തന്നിലേക്ക് അവനെ അടുപ്പിക്കുകയാണ്. കഴിവുള്ളവനാണ്‌ യാക്കോബ്, പ്രാർത്ഥന ചെയ്യുന്നവനാണ്. താൻ തിരഞ്ഞെടുക്കപ്പെട്ടവനാണ് എന്ന് ബോധ്യം ഉള്ളവനാണ്. പക്ഷെ സ്വന്തം കഴിവുകളിൽ മാത്രം ആശ്രയിച്ചു എല്ലാം നേടുവാൻ ജീവിക്കാൻ ശ്രമിച്ചു. ദൈവം അതെല്ലാം തടഞ്ഞു. അവനെ തന്നിലേക്ക് സമര്പ്പണതിലേക്ക് കൊണ്ട് വന്നു.

നാമും ഇങ്ങനെ തന്നെയല്ലേ, നമ്മുടെ ജോലി, പണം, കൂട്ടുകാർ, എല്ലാം നമ്മുടെ സ്വാർഥതക്ക് വേണ്ടി നാം ഉപയോഗിക്കാരില്ലേ ? പക്ഷെ, നമ്മുടെ ആ ശ്രമങ്ങളെല്ലാം അവൻ തടയും, നമ്മെ അവനിലേക്ക്‌ കൊണ്ട് വരും. യാക്കോബിന്റെ അനുഭവം വേറൊന്നല്ല.