Saturday, December 26, 2015

യേശുവും ഞാനും പള്ളിക്ക് പുറത്ത്

സ്നേഹമസൃണനായയീ ദൈവത്തിൻ
മൃദുമേനിമേൽ ചാട്ടവാറിന്റെ നാവുകൾ
പുളയുമ്പോൾ വീഴുന്ന ചോപ്പിന്റെ പാടുക-
ളിലൂറുന്നതും സ്നേഹഗാഥയത്രേ!

മനുഷ്യദൈവങ്ങൾ കമ്പോളമാക്കിയ
ദൈവാലയം ശുദ്ധി ചെയ്യാനൊരുങ്ങിയ
മനുഷ്യപുത്രനെ ഭ്രഷ്ടനാക്കുന്ന
പ്രമാണികളും നീതിപീഠങ്ങളും;

എല്ലാം നിവൃത്തിയാകുന്ന നേരത്തും
ധരണിയുടെ മക്കളോടനുരാഗമാർന്നൊരാ
ഈശ്വരനു പ്രതിഫലമായ്‌ ലഭിച്ചതോ
കുരിശിന്റെ നോവും, പാപഭാരവും.
ഗതസമനയിൽ നിന്നുയർന്നയാ പ്രണയ-
ഗാനത്തിന് മുന്നില് ആലയകവാടമടഞ്ഞു.

അതിനുള്ളിലുയർന്ന ആരാധനാകാവ്യ-
മവന്റെ നാമത്തിലായിരുന്നു,
ഉള്ളിലെ മെഴുതിരികൾ നിറവോടെയെരിയുമ്പോൾ
ദൈവപുത്രൻ വെളിയിലിരുട്ടിലായിരുന്നു- കൂടെ ഞാനും.

Thursday, December 24, 2015

യാത്രാമൊഴി


(ഒരു പ്രിയ സുഹൃത്തിന് മധുരമാർന്ന സ്നേഹത്തോടെ, കയ്പാർന്ന നൊമ്പരത്തോടെ ഹൃദയത്തിന്റെ ഭാഷയിൽ ഒരു യാത്രവന്ദനം...)


സുസ്മേര വദനത്തിൻ മറവിലെ സ്മൃതികളും,
കാലവർഷവും സൂര്യതാപവും
മാറ്റ് കൂട്ടിയ കാലടികളെന്നും
തുടരുന്നയങ്ങയുടെ പ്രയാണത്തിൽ
ഈ തമിഴ്മണ്ണിലൊരു ചെറുവിരാമം;

താഴ്വരയിൽ നിന്നുമുന്നതിയെ നോക്കാൻ,
സ്വം അറിയാനൊരു നവഗീതം പഠിപ്പിച്ച്,
ആഞ്ഞു വീശുന്ന ശീതവാതങ്ങളിൽ
ഇളം വെയിലിൻ അഭയസ്ഥാനമായി,
തരുവിന്റെ തണലുകളിലേക്കിറങ്ങാൻ-പക്ഷെ
പകുതിയെത്തിയ സംഭാഷണമായോ?    

വിട നല്കുവാനനുവാദം മനസ്സിൽ
തരുവാനാകാതെ ഞാൻ മൂകയായി;
ദ്രുതതാളമാർന്ന മഴയുടെ ഒടുവിൽ,
ചുട്ടെരിക്കുന്ന കടുംവെയിലിന്റെ ഇടയിൽ,
നനുത്ത ഓർമ്മകളുടെ മന്ദസ്മിതത്തിലേ-
ക്കലിയുവാനായിതായീ തൂലികയിലൂടെ
ഒഴുകുന്ന അക്ഷരങ്ങളാൽ തീർത്ത
നോവുന്ന യാത്രാമൊഴി...

Sunday, May 10, 2015

നീ...

നിന്റെ മൌനം;
ആഴമുള്ള സ്നേഹത്തിന്റെ
ധ്വനിയുള്ള മൌനം.

നിന്റെ മൊഴികൾ;
ഇമ്പമുള്ള രാഗമൂറുന്ന
പ്രിയമാർന്ന മൊഴികൾ.

നിന്റെ ചെയ്തികൾ;
തന്മയിഭാവത്തിന്റെ
നിഴലുള്ള ക്രിയകൾ.

നിന്റെ നിദ്ര;
മൃദുല സ്മിതമാർന്ന
ഉണർവ്വുള്ള നിദ്ര.

മറക്കില്ല നിൻ മൌനം,
മറക്കില്ലയാ വിരൽ സ്പർശം,
ഇന്നുമീ കണ്ണിലുറങ്ങുന്നു നീ,

എങ്കിലും...
താഴിട്ടു പൂട്ടട്ടെയീ മനവാതിൽ,
ഊതിയണക്കട്ടെയെൻ ഉൾവിളക്ക്.

നിന്നെ കാണുവാനായി
അഭ്രപാളികൾ താണ്ടി വന്നിട്ടും,
അറിയില്ല നിന്നെയെനിക്ക്,
അറിയാൻ കഴിഞ്ഞില്ലയിത് വരെ,

Saturday, March 28, 2015

സ്മൃതി

ജനൽമറകൾക്കിടയിലൂടെ
സൂര്യബിന്ദുക്കലെന്റെ ഇരുട്ടിലേക്ക്...
കണ്ണീരുണങ്ങിയ കവിളിന്മേൽ
തേജസ്സ് തീർത്തവയും മടങ്ങി.

പൂക്കളും പാട്ടുകളും കമാനത്തിൽ വെ-
ച്ചെന്നെയും കാത്തൊരു തടവറ,
ആഘോഷത്തിന്റെ തിമിർപ്പിലെന്മേൽ
വീഴുന്ന ചാട്ടവാറടികളാരും കണ്ടില്ല...

അടിപ്പിണരുകൾ നീറുമ്പോൾ
നിശ്ശബ്ദമായ നിലവിളികളെന്നിൽ,
തിണർത്ത അധരങ്ങളമർത്തുന്ന വിതുമ്പലുകൾ,
പ്രിയപ്പെട്ടവർക്ക് യാത്ര പറഞ്ഞ്
പോകട്ടെ ഞാനാ ഇരുട്ടറയിലേക്ക്....

മടക്കമില്ലാത്ത യാത്ര,
ഇനിയൊരിക്കലും
തിരികെ വരാത്ത മണ്ണിലൂടെ...
തീ പോലുരുകുന്ന മധ്യാഹ്നത്തിൽ,
വിയര്പ്പിന്റെ പശപ്പോടെ,
ഈ കൂട്ടിലൊരു മാരുതനെയും കാത്ത്,
സ്മൃതിയുടെ ചില്ലയിലിലകൾ ചേർത്ത്,
പാഥേയം നുകർന്നെഴുതുന്നയീ
അക്ഷരങ്ങളിലെന്റെ
പറയാത്ത ഭീതികൾ,
തീരാത്ത വേദനകൾ,
അണയാത്ത പ്രതീക്ഷകൾ....

Friday, February 27, 2015

Some thoughts...

സ്ത്രീയെ വേദനിപ്പിക്കില്ല, കുട്ടിയെ വേദനിപ്പിക്കില്ല, ഈ പ്രസ്താവനകൾ പലപ്പോളായി പലരും പറഞ്ഞു കേട്ടിട്ടുണ്ട് (പറഞ്ഞവരിൽ ആണും പെണ്ണും ഉള്പ്പെടും). പക്ഷെ ഏതൊരു വ്യക്തിയേയും വാക്കാലോ പ്രവൃത്തിയാലോ വേദനിപ്പിക്കുന്നത് ശെരിയല്ല എന്നതല്ലേ സത്യം... ഒരിക്കൽ ഒരു സുഹൃത്ത്‌ പറയുകയുണ്ടായി, ദേഷ്യം എന്നോ ഒരു വികാരം ശെരിക്കും ഇല്ല, നമ്മുടെ സുഗമമായ ചിന്തകള്ക്കും രീതികൾക്കും ചെറിയ തോതിൽ തടസ്സം വരുമ്പോൾ തന്നെ തോന്നുന്ന അസ്വസ്ഥത, അതാണ്‌ ദേഷ്യം എന്ന്... ആലോചിച്ചപ്പോൾ ശെരിയാണെന്ന് എനിക്കും തോന്നി... ദേഷ്യം വരുമ്പോൾ, എതിരിൽ നില്ക്കുന്ന ആളെ (ശത്രു എന്ന് അപ്പോൾ നാം കരുതുന്ന വ്യക്തി) ഏതെങ്കിലും രീതിയിൽ തോല്പ്പിക്കണം എന്ന് മാത്രം ആയിരിക്കും നമ്മുടെ മനസ്സില്, അല്ലെ? അവർ ചിന്തിക്കുന്ന, നോക്കുന്ന, ചെയ്യുന്ന, അവര്ക്ക് സന്തോഷം ലഭിക്കുന്ന എന്തിനെയും ആക്ഷേപിക്കുക...അവരുടെ മനസ്സ് ഒന്ന് കുത്തി ഇളക്കുമ്പോൾ, മുറിപ്പെടുത്തുമ്പോൾ സ്വയം സമാധാനം കണ്ടെത്തുന്ന രീതി കാലാകാലങ്ങളായി മനുഷ്യർ തുടർന്ന് വരുന്നു... കൂടിയ പക്ഷം പത്തു നിമിഷങ്ങള്ക്ക് മേൽ നിലനില്ക്കാത്ത ദേഷ്യം, കോപം, ആ വികാരത്തിന്റെ തൃപ്തിക്കായി ഒരാളെ വേദനിപ്പിക്കെണ്ടതുണ്ടോ? ആരോടെങ്കിലും നിങ്ങൾ പറഞ്ഞിട്ടുണ്ടാവില്ലേ, "നിന്റെ മനസ്സ് നന്നല്ല, നീ എന്ത് നല്ലത് ചെയ്തിട്ടും കാര്യമൊന്നുമില്ല"...
കുറച്ചു നിമിഷങ്ങൾ ഒന്ന് ക്ഷെമിച്ചാൽ നല്ല രീതിയിൽ മനസ്സിലാക്കി പരിഹാരം കണ്ടെത്താൻ ആകുന്ന കാര്യങ്ങള്ക്ക് വേണ്ടി എന്തിനാ ഈ മത്സര ബുദ്ധിയോടെ മറ്റൊരാളെ വേദനിപ്പിക്കുന്നത്?

Saturday, January 24, 2015

ഭ്രാന്ത്

ഭ്രാന്തിന്റെ ദേശം,
വിളക്കുകളില്ലാത്ത തീരം,
വേപഥുവോടെ അണയുവോരെ
നഗ്നരാക്കുന്ന കാവൽക്കാർ...
വസ്ത്രങ്ങളാദ്യം,
മാംസവും മജ്ജയും അസ്ഥിയും,
വിശപ്പാളുന്നേരം നിന്റെ
ദേഹിയുടെ ശകലങ്ങളും അവരെടുക്കും,
വെട്ടമില്ലാത്തയാ തീരമെത്തുകിൽ,
തിരിഞ്ഞു നോക്കരുത്,
തിരികെ വരരുത്...


കടപ്പാട് : "എന്റെ കഥ" - മാധവിക്കുട്ടി 

Thursday, January 8, 2015

ദൈവപുത്രന് വീഥിയോരുക്കി

തണുത്തുറഞ്ഞ മുറിയിലും
എന്റെ ഹൃദയം തിളക്കുന്നു,
നിന്റെ വാക്കുകളെന്റെ മേൽ
ചുടുകുമിളകൾ തീർക്കുന്നു,
നെറ്റിയിലെ വിയർപ്പുതുള്ളികൾക്ക്
ചോരയുടെ നിറമുണ്ടായിരുന്നു,
ദൂരെ കിലുങ്ങുന്ന മണിചിലങ്കകൾക്ക്
മൃത്യുവിന്റെ സീൽക്കാരമുണ്ടോ?
ആട്ടക്കലാശത്തിൽ...
തമസ്സിന്റെ മാറിനെ പിളർന്ന് വരും
വാക്കുകളുടെ ചാട്ടയിലെന്റെ
ഹൃദയതന്ത്രികളുടെ പ്രകമ്പനം,
നിശബ്ദനായി പിന്തിരിയുമ്പോൾ
സ്വപ്നങ്ങളുടെ ശവപ്പറമ്പ്...
എന്റെ ശിരസ്സ്‌ താലത്തിൽ വേണമെന്ന്
ചോദിക്കുമ്പോളറിയുന്നുണ്ടോ,
മമഹൃദയത്തിന്റെ മമതയും,
നൈർമ്മല്യമാർന്ന ഭക്തിയും...
ഇടറുന്ന വാക്കുകളിടനാഴിയിലെ
പ്രതിധ്വനിയിൽ വീണ്ടും വിറച്ചു
മനുഷ്യപുത്രന് വഴിയൊരുക്കുവാൻ
എന്റെ യാത്രയവസാനിക്കണം... 

സ്നേഹപൂർവ്വം

സ്നേഹം രക്തബന്ധത്തിൽ മാത്രം ഒതുങ്ങുന്നതാണോ? ഇനി രക്തബന്ധത്തിൽ ഉള്ള സ്നേഹം കറയില്ലത്തതാണോ?
'അല്ല' എന്നാണ് എന്റെ അഭിപ്രായം.
ജനിച്ച നാൾ മുതൽ ബന്ധങ്ങൾ പറഞ്ഞും കണ്ടും വളരുമ്പോൾ നമ്മൾ അതിനു പുറമെയുള്ള സ്നേഹത്തെ കണ്ടില്ലെന്നു വെക്കും, അതിൽ സത്യമില്ല എന്ന് സ്വയം വിശ്വസിപ്പിക്കും...
എല്ലാരേയും സ്നേഹിക്കുമ്പോൾ കിട്ടുന്ന സംതൃപ്തി; അത് പറഞ്ഞറിയിക്കാൻ കഴിയില്ല.
ആ സ്നേഹം അനുഭവിക്കുന്നവരുടെ സന്തോഷം; അതും അങ്ങനെ തന്നെ...
എനിക്ക് ചുറ്റുമുള്ളവരെല്ലാം എന്റെ മാതാപിതാക്കളാണ്, സഹോദരങ്ങളാണ്,മക്കളാണ്... അവർക്കായി എനിക്ക് നല്കാൻ അക്ഷരങ്ങളിലൂടെ ഒരു സമ്മാനം...

തണുത്തലിഞ്ഞൊരു സന്ധ്യയിൽ
നിനച്ചിരിക്കാതെൻ 
കൂട്ടിലെക്കെത്തിയ 
എന്റെ പ്രിയപ്പെട്ട പക്ഷീ...
നിന്റെ കൊഞ്ചലുകൾ,
പരിഭവങ്ങൾ, 
പരിദേവനങ്ങൾ,
പ്രതീക്ഷകൾ,
എല്ലാം എന്റെതുമാണ്...

ലോകം അകലുമ്പൊളും-എന്റെ
സ്വപ്നങ്ങളെന്നെ മാടി വിളിക്കുമ്പോളും,
ഞാനുറങ്ങാതെ കൂട്ടിരിക്കാം..
എൻ മണിക്കുഞ്ഞേ,
നിനക്കായി ഞാൻ കാവലിരിക്കാം...