Friday, October 10, 2025

 വായിക്കാൻ ഇഷ്ടമാണ്, എഴുതാനും...

പക്ഷെ 

വായിക്കുന്നവയിലേക്കു മനസ്സെത്തുന്നില്ല,

എഴുതാൻ ഹൃദയം തുറക്കുന്നുമില്ല,

ഹൃത്തിന്റെ സ്പന്ദനവേഗമേറുന്നു,

ദേഹദേഹികൾ അകാലത്തിൽ നരയേറുന്നു...

Sunday, December 15, 2024

വെറുക്കുന്ന സ്നേഹം

ആവോളം ആസ്വദിക്കുന്നു ചിലതൊക്കെ -
യവയെന്നും നുകരാനായ് വെമ്പും ഹൃദയം...
കാണെക്കാണെ കേൾക്കെകേൾക്കെ 
അസ്വാദായി മാറുന്ന രുചികൾ,
അസ്വാരസ്യമായി തീരുന്ന വാക്കുകൾ,
അലോസരമാകുന്ന ചേഷ്ടകൾ,
അനിഷ്ടമാകുന്ന ഇഷ്ടങ്ങൾ...
സ്നേഹിച്ചു സ്നേഹിച്ചു 
സ്നേഹവും വിരസതയിലേക്ക്....


Thursday, September 26, 2024

സ്നേഹേകാന്തത

 നിന്നെ കാണും വരെ എനിക്ക് 

ഏകാന്തത സുന്ദരമായിരുന്നു...

സുന്ദരമായ ഈ ദിവസത്തിൽ

ഞാൻ ഇരുട്ടിലിരിക്കുന്നു...

നീയില്ലായ്മയിൽ 

നിൻ്റെ ഓർമകളിൽ 

ൻ്റെ ഏകാന്തതയെ 

മനോഹരമാക്കി...

Wednesday, June 14, 2023

നിണമണിഞ്ഞ നീളൻ യാത്ര

 നീളൻ വണ്ടികൾ തമ്മിൽ മുട്ടി

പെട്ടികൾ തെറിച്ചു വീഴവെ,

നിശബ്ദമായ പുഞ്ചിരികൾ,

കൂമ്പിയടഞ്ഞ സ്വപ്‌നങ്ങൾ,

പിടഞ്ഞു നീറും നൊമ്പരങ്ങൾ,

കാലമെത്താതെ പൊഴിഞ്ഞ

ജീവനറ്റ ജഡങ്ങൾ,

രണമൊഴുകും കബന്ധങ്ങൾ,

തുറിച്ച കണ്ണുകൾ കൊത്തിവലിക്കുന്ന

ആർത്തി പൂണ്ട കഴുകക്കൂട്ടം...

ചാറ്റലിൽ ഊറിയിറങ്ങുന്നു,

ചതയിലെ കൊഴുത്ത രക്തം.

വീശും മാരുതനിൽ നിറയുന്ന  

ചാവിൻറെ കടുത്ത ഗന്ധം...

ഇനി വരും വാർത്തകളിൽ,

എല്ലോരുടെയും വാക്കുകളിൽ,

നിറയുമീ കണ്ണീർജഡങ്ങൾ.

ഇനിയൊരു കദനകഥ വരും വരെ...





Thursday, April 27, 2023

ഫിലിപ്പൈൻസിലെ വരാൽ

വിവിധരൂപങ്ങളിൽ, വിവിധവർണ്ണങ്ങളിൽ മത്സ്യങ്ങൾ നിരന്നു കിടക്കുന്നു. സുന്ദരന്മാരും സുന്ദരികളും ആയ ലോബ്സ്റ്ററുകൾ അടക്കം. കൈകാലുകൾ ബന്ധിക്കപ്പെട്ട ഞണ്ടുകൾ പെട്ടികളിൽ കിടന്നു ഞെളിപിരി കൊള്ളുന്നുണ്ടായിരുന്നു. 

അവരെയൊക്കെ കടന്നു പോകുമ്പോൾ ഒരാൾ എൻ്റെ കണ്ണിൽ തടഞ്ഞു. ഒരു മേശമേൽ തനിയെ കിടന്നു പിടയുന്ന ഒരു വലിയ വരാൽ. ശ്വാസം കിട്ടാതെ വലയുകയാണെന്നു കരുതി ഞാൻ മുഖം തിരിച്ചു. കണ്ടില്ലയെങ്കിൽ പിന്നെ കുറ്റബോധം തോന്നേണ്ട കാര്യമില്ലല്ലോ. പൂച്ച കണ്ണടച്ച് പാൽ കട്ട് കുടിക്കുന്നത് പോലെ. 

നെയ്മീൻ, ആവോലി, കിളിമീൻ അങ്ങനെ പല തരത്തിലുള്ള മീനുകൾ നാട്ടിൽ, അങ്ങ് ഇന്ത്യയിൽ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ വർണശബളമായ ഓണത്തിൻറെ പൂക്കളങ്ങളുടെ വിവിധ ആകൃതികളിലും വലുപ്പത്തിലും ഉള്ള പല പല മത്സ്യങ്ങൾ. കുറച്ചു അതിശയജനകം ആയിരുന്നു. 

ഓരോന്നിന്റെയും ഭാരവും വിലയും അന്വേഷിക്കുമ്പോഴും ഏറുകണ്ണിട്ടു ഞാൻ ആ വരാലിനെ നോക്കുന്നുണ്ടായിരുന്നു. പിടച്ചിൽ നിർത്തി കണ്ണുകൾ മിഴിച്ചു കഷ്ടപ്പെട്ട് ശ്വാസമെടുക്കുന്നതു കണ്ടു. എൻ്റെ മനസ്സിൽ ഒരു നോവ് അനുഭവപ്പെട്ടു. അടുത്ത് പോയി നോക്കിയപ്പോൾ ജീവിക്കാനുള്ള കൊതി ആ കണ്ണുകളിൽ പ്രകടമായിരുന്നു. അതിൻറെ കീഴ്ചുണ്ടിൽ ഒരു മുറിവും ഉണ്ടായിരുന്നു. വലയിൽ കുടുങ്ങിയപ്പോൾ ഉണ്ടായതാവാം. ഒരു മരണം കാണാനുള്ള ചങ്കുറപ്പ് ഇല്ലാത്തതു കൊണ്ട് ഞാൻ വീണ്ടും മുഖം തിരിച്ചു കളഞ്ഞു.ഒരാഴ്ചത്തേക്ക് കഴിക്കാനുള്ള നെയ്മീനും, സാൽമണും വെട്ടി വൃത്തിയാക്കി വാങ്ങി. 

പൊടുന്നനെ എന്നെ ഞെട്ടിച്ചു കൊണ്ട് അത് വീണ്ടും അനങ്ങാൻ തുടങ്ങി. വളഞ്ഞും, പുളഞ്ഞും സമുദ്രത്തിൽ അലകളിൽ നീന്തിത്തുടിക്കുന്നത് പോലെയോ, അതോ ജീവശ്വാസത്തിനു വേണ്ടി പിടയുന്നത് പോലെയോ.

വർണാഭമായ ചന്തയിൽ നിന്ന് ഇറങ്ങുമ്പോൾ എൻ്റെ ഹൃദയത്തിൻറെ നോവ് വീണ്ടുമുണർന്നു.വീണ്ടും ആ മേശമേലേക്ക്എൻ്റെ ദൃഷ്ടി പതിഞ്ഞു. പിടച്ചിൽ നിർത്തി, കണ്ണുകൾ ഓരത്തേക്ക് മിഴിച്ചു, അവസാനത്തെ ശ്വാസം മുറിഞ്ഞ ചുണ്ടുകൾക്കിടയിലൂടെ ആർത്തിയോടെ വലിച്ചെടുക്കുന്ന പാവം വരാൽ. സഹതാപമൂറുന്ന ഒരു നോട്ടം സമ്മാനിച്ച് രണ്ടു കിലോ ചത്ത മീനുകളും കൊണ്ട് ഞാൻ വീട്ടിലേക്കു പുറപ്പെട്ടു.