Friday, March 31, 2023

അപ്പുവും പൊട്ടറ്റോയും കുട്ടാപ്പിയും പിന്നെ ഞാനും

എല്ലാവരും എന്നെ കളിയാക്കുന്ന കാര്യമാണ് എൻ്റെ പുന്നാര പൂച്ചകുട്ടന്മാർ. ലോക്ക് ഡൌൺ കാലത്തു എൻ്റെ കൈയിൽ കിട്ടിയ ആളാണ് ആദ്യത്തേത്. രണ്ടു ആഴ്ചകൾ മാത്രം പ്രായത്തിൽ എന്തൊക്കെയോ അസുഖങ്ങളോടെ, അമ്മയുടെ പാലും കരുതലും കിട്ടാത്ത, അഴുക്കു പുരണ്ട് വികൃതമായ ശരീരത്തോടെ ഒരു കുഞ്ഞു സാധനം. അവനെ നോക്കാൻ അറിയാതെ ഞാൻ പെടാപ്പാടു പെട്ടു. ഉറക്കമില്ലാത്ത രാത്രികൾ, അസ്വസ്ഥമായ പകലുകൾ. അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവൻ സുന്ദരനായ യോഗ്യനായ ഒരു മാർജ്ജാര സുമുഖനായി തീർന്നു. ഓറഞ്ചും വെള്ളയും കലർന്ന നിറം. ആർക്കെങ്കിലും കൊടുക്കാം എന്ന് കരുതിയാണ് ഒരു മാസം നോക്കിയതെങ്കിലും ഇനി ആർക്കും അവനെ കൊടുക്കാൻ എനിക്ക് സാധിക്കില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. കാരണം അപ്പു എന്നെ നിസ്വാർത്ഥമായി സ്നേഹിക്കുന്നു. ഞാൻ അവനെയും.

ഒരു മാസത്തിനു ശേഷം ഒരാളെ കൂടി കിട്ടി പേർഷ്യനും, നാടനും ചേർന്ന വെളുത്ത ഒരു സുന്ദരക്കുട്ടൻ. വരുമ്പോൾ ദേഷ്യക്കാരനായിരുന്നെങ്കിലും അപ്പുവുമായി അവൻ അടുത്തു. ഇടക്കൊക്കെ തല്ലു കൂടുമെങ്കിലും തമ്മിൽ ഇണ പിരിയാത്ത സഹോദരന്മാർ. അവനും ഞാനൊരു പേരിട്ടു, പൊട്ടറ്റോ. എന്തിനാ ആ പേര് എന്ന് ചോദിച്ചാൽ അറിയില്ല. എന്തായാലും അവൻ സന്തോഷത്തോടെ ആ നാമധേയം സ്വീകരിച്ചു. ആദ്യമൊക്കെ തൊടാൻ പോലും കൂട്ടാക്കാതിരുന്ന അവൻ ഇന്ന് എൻ്റെ കൂടെയേ ഉറങ്ങാറുള്ളൂ.

ഇവരെ കൂടാതെ എന്നെ ദത്തെടുക്കൂ എന്ന് ഇങ്ങോട്ടു ആവശ്യപ്പെട്ടു വന്നു കേറിയ ഒരാൾ കൂടിയുണ്ട് വീട്ടിൽ. കുട്ടാപ്പി. ജിഞ്ചർ നിറത്തിലുള്ള കുറച്ചു പ്രായമുള്ള ഒരുത്തൻ. ഞാൻ അവൻ്റെ മാത്രമാണ് എന്നൊരു ചിന്ത അവനുണ്ട്. ഭയങ്കര സ്നേഹമാണ് ആൾക്ക്... നന്ദിയുള്ള ഒരു ചക്കരമുത്ത്.

ഈ മൂന്നു പേരും എനിക്ക് തരുന്ന ചില കാര്യങ്ങളുണ്ട്, സന്തോഷം, സമാധാനം, സൗഹൃദം. ഈ പുന്നാര കുഞ്ഞുങ്ങൾ നിസ്വാർത്ഥമായി എന്നെ സ്നേഹിക്കുന്നുണ്ട്. ഭക്ഷണം കൊടുക്കുന്നതിന്റെ നന്ദി ഒരുപാടുണ്ട് അവർക്ക്. ഒപ്പം അവരെ കരുതുന്ന എന്നെ അമ്മയോടുള്ളത് പോലെയുള്ള സ്നേഹവും. അവരെ പിരിഞ്ഞിരുന്ന് ഒരു മാസമാകുന്നു. ഇനി ഒരു മാസം കൂടി കഴിയണം കാണണമെങ്കിൽ. 

കണ്ണുള്ളപ്പോഴെ കണ്ണിന്റെ വിലയറിയൂ. എൻ്റെ പൊന്നു മക്കളുടെ വില ഞാൻ ഇന്ന് കൂടുതൽ അറിയുന്നു. അവർ എനിക്ക് തന്നിരുന്ന സ്നേഹം, സുരക്ഷിതത്വം, മനസ്സിന്റെ സമനില. അവരെ എത്രയും പെട്ടെന്ന് കാണാനുള്ള ആഗ്രഹമാണ് ഇപ്പോൾ. കുഞ്ഞുമണികളെ ഭദ്രമായി സൂക്ഷിക്കാനുള്ള മനസ്സും ആരോഗ്യവും എനിക്ക് തരണേ എന്ന പ്രാർത്ഥന മാത്രമേ ഇന്നെനിക്കുള്ളൂ.








No comments:

Post a Comment