Monday, April 20, 2020

സ്വം

എന്റെ കാലടികൾ വിണ്ടു കീറിയത് ഞാനറിഞ്ഞീലാ
മിഴിനീരെൻ കപോലങ്ങളിൽ ഉണങ്ങിയതുമറിഞ്ഞീലാ
വിയർപ്പു ചാലുകളെന്മേൽ കളിച്ചു
ഞാനെന്നെത്തന്നെ മറന്നു പോയി...

ഇനി ഞാനാരെന്ന ചോദ്യവും പേറി
കാകദൃഷ്ടികളുടെ മുനകളൊടിച്ചു
നഷ്ടമാകാത്തയെന്നിലെ എന്നെയും
ചുറ്റുമാ പരിഹാസച്ചിരികളെയും
മാറി മാറി ഞാൻ നോക്കി...

ഇനിയും തീരാത്ത പകലുകൾ ശപിച്ചു,
കൂട്ടിനായി വന്ന രാത്രികളെയോർത്തു,
ഇരുട്ടിനെ ഭയത്തോടെ ഓർത്തിരുന്നവൾ ഞാൻ
പ്രണയിക്കുന്നവയെ അന്ധമായി...

സ്വപ്നങ്ങളെ ഞാൻ നിരസിക്കു-
ന്നൊപ്പമോർമ്മകളെ തടുക്കുന്നു
അവയുടെ ചിതയിലെ തീയണയും മുൻപെൻ
നീർത്തുള്ളി ദൃഷ്ടിയെ മറയ്ക്കുന്നു...

സ്വന്തമല്ലെന്നറിഞ്ഞിട്ടും എന്റേതെന്നു
നിനച്ചു ഞാൻ മോഹിച്ചവയെ
ശിക്ഷയെ ചാട്ടവാർ പുളയുന്നു-
വെൻ മേനിയിൽ രാഗമഴ തൂകി
അടയാളങ്ങൾ പാകി...

മനസ്സിനു കടിഞ്ഞാൺ പലവട്ടമിട്ടുവെന്നാൽ
പൊട്ടിച്ചെറിഞ്ഞെൻ ചിന്തകൾ പിന്നെയും
ഉയിരിൽ കലർന്ന കനവുകൾ, നിനവുകളോ-
ടരുതെന്നു ഞാനെങ്ങനെ ചൊല്ലും?
അതെന്റേതല്ലേ!


No comments:

Post a Comment